ബുഡാപെസ്റ്റ് (ഹംഗറി): അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്ന് തുടക്കമാകും.
തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന അന്തര്‍ദേശീയ ദൈവശാസ്ത്ര പഠന ശിബിരത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും.
സമാപന ദിവസമായ 12ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറില്‍ ഇന്നു വൈകുന്നേരം നാലിന് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്‌കോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത ''എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ്'' എന്ന ആപ്തവാക്യവുമായിട്ടാണ് അമ്പത്തിരണ്ടാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്.
നിരവധി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഈ ദിവസങ്ങളില്‍ നടക്കും. സെപ്റ്റംബര്‍ 11 നാണ് വിഖ്യാതമായ മെഴുകുതിരി പ്രദക്ഷിണം നടക്കുക. കൊസൂത്ത് സ്‌ക്വയറില്‍ എസ്റ്റര്‍ഗോം ബുഡാപെസ്റ്റ് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാകും പ്രദക്ഷിണം.
1881ല്‍ ഫ്രാന്‍സിലെ ലില്ല് നഗരത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964ല്‍ ബോംബെയില്‍ നടന്ന 38ാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു. ഇതിനു മുന്‍പ് 2016ല്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു കോണ്‍ഗ്രസ് നടന്നത്.
നാലു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുളള ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അത്മായരും ഉള്‍പ്പെടെ നിരവധി പേര്‍ കോണ്‍ഗ്രസില്‍ സംബന്ധിക്കും. കത്തോലിക്കാ വിശ്വാസികളില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആരംഭിച്ചത്.