ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ മുന്‍ യു.എസ് മറൈന്‍ ഓഫീസര്‍ നടത്തിയ വെടിവയ്പില്‍ മൂന്നു മാസമുള്ള കുഞ്ഞും അമ്മയും അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. 11 കാരിക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമി ബ്രയാന്‍ റൈലെ (33)യെ പോലീസ് അറസ്റ്റു ചെയ്തു. ഇറാഖ്, അഫ്ഗാനിസ്താന്‍ ദൗത്യസംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ കുറച്ചുകാലമായി കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലും നിരാശയിലുമായിരുന്നുവെന്ന് കാമുകി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.വെടിവയ്പിനിടെ പരിക്കേറ്റ ബ്രയാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ടവരുമായി ഒരു ബന്ധവും ബ്രയാനില്ലെന്ന് പോക് കൗണ്ടി ഷെവിഫ് ഗ്രാഡി ജൂഡ് പറഞ്ഞു. ഒരു വീട്ടില്‍ കടന്നുകയറിയായിരുന്നു ആക്രമണം. 33 വയസ്സുള്ള സ്ത്രീയും ഇവരുടെ മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയും ഇവരുടെ 62 കാരിയായ അമ്മയും 40 വയസ്സുള്ള പുരുഷനുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.വളര്‍ത്തുനായയേയും കൊലപ്പെടുത്തി. മറൈന്‍ സേനയില്‍ നിന്ന് വിരമിച്ച ശേഷം ഉന്നതരുടെ ബോഡിഗാര്‍ഡ് ആയും സെക്യുരിറ്റി ഗാര്‍ഡായും ജോലി ചെയ്യുകയായിരുന്നു ബ്രയാന്‍. ഒരാഴ്ച മുന്‍പ് മനോനില നഷ്ടപ്പെട്ടവരെ പോലെ സംസാരിച്ചിരുന്നു. താന്‍ ദൈവത്തോട് സംസാരിക്കാന്‍ തുടങ്ങിയെന്ന് ബ്രയാന്‍ പറഞ്ഞതായും കാമുകി മൊഴി നല്‍കി.