കാബൂള്‍: അഫ്ഗാനിസ്താനിലെ പഞ്ച്ഷിര്‍ പ്രവിശ്യയില്‍ താലിബാന്‍ സമ്പൂര്‍ണ്ണ വിജയം അവകാശപ്പെട്ടതിന് പിന്നാലെ, പ്രവിശ്യയിലെ താലിബാന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അജ്ഞാത സൈനിക വിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് പഞ്ച്ഷിര്‍ പ്രവിശ്യ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന പ്രഖ്യാപനം താലിബാന്‍ നടത്തിയത്. അതേസമയം, അമേരിക്കന്‍ വിമാനങ്ങളാണ് ഇവിടെയെത്തിയതെന്ന് പാക് പത്രമായ ഡോണ്‍ ആരോപിച്ചു.
പഞ്ച്ഷിര്‍ ഗവര്‍ണറുടെ ഓഫീസില്‍ താലിബാന്‍ ഭീകരര്‍ അവരുടെ പതാകയും ഉയര്‍ത്തി. ഇതിന് ശേഷമാണ് അജ്ഞാത വിമാനങ്ങള്‍ താലിബാനെ ലക്ഷ്യമിട്ട് മേഖലയില്‍ വട്ടമിട്ട് പറന്നതായി പറയുന്നത്. എന്നാല്‍ താലിബാന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. പാകിസ്താന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ താലിബാനു പിന്തുണയേകിയെന്ന വാര്‍ത്തയും സൈനിക വിമാനങ്ങള്‍ പറന്നതുമായുള്ള ബന്ധത്തെച്ചൊല്ലി അവ്യക്തത അവശേഷിക്കുന്നു.മറ്റേതെങ്കിലും രാജ്യത്തുനിന്ന് എത്തിയതാകാം ഈ വിമാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അതേസമയം പ്രതിരോധ സഖ്യത്തിന്റെ നേതാവ് നേതാവ് അഹമ്മദ് മസൂദ്, പഞ്ച്ഷിര്‍ കീഴടക്കി എന്ന താലിബാന്‍ വാദത്തെ പിന്നീടും തള്ളിക്കളഞ്ഞു. താലിബാനെതിരെ ചെറുത്തുനില്‍പ്പ് തുടരുമെന്നും, തന്റെ അവസാന തുള്ളി രക്തം വരെ പോരാടുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാല്‍ അഹമ്മദ് മസൂദ് എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.താജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി അഭ്യൂഹം ശക്തമാണ്.