ഹനോയ്: ഹോം ക്വാറന്റൈന്‍ ലംഘിച്ച് കൊറോണ വ്യാപിപ്പിച്ചുവെന്ന കുറ്റം ചുമത്തി വിയറ്റ്‌നാമില്‍ യുവാവിന് 5 വര്‍ഷം തടവ് ശിക്ഷ. ലെ വാന്‍ ട്രിയെന്ന 28 കാരനെയാണ് കാ മൗവിലെ കോടതി ശിക്ഷിച്ചത്.
21 ദിവസത്തെ ഹോം ക്വാറന്റൈന്‍ ലംഘിച്ച് കൊറോണ ഹോട്ട്സ്പോട്ടായ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് കാ മൗവിലേക്ക് ട്രി യാത്ര ചെയ്തിരുന്നു. യാത്രയ്ക്ക് ഇടയില്‍ ട്രിയില്‍ നിന്ന് വൈറസ് മറ്റുളളവരിലേക്ക് പടര്‍ന്നു. ട്രി കാരണം എട്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തുവെന്നാണ് കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ ഫലപ്രദമായി വൈറസിനോടു പോരാടിയ വിയറ്റ്‌നാമില്‍ കൊറോണ ഇപ്പോള്‍ ഗുരുതരമായ സാഹചര്യത്തിലാണ്. 540,000 കൊറോണ കേസുകളും 13,000 ത്തിലധികം മരണങ്ങളുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഏപ്രില്‍ അവസാനം മുതലാണ് കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയിയും വാണിജ്യ കേന്ദ്രമായ ഹോ ചി മിന്‍ നഗരവും കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ശന നിയന്ത്രണത്തിലാണ്.
വിയറ്റ്‌നാമില്‍ നേരത്തയും കൊറോണ വ്യാപിപ്പിച്ചതിന് നിരവധി പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹായ് ഡുവോങ്ങിലെ 32-കാരന്18 മാസം തടവും, വിയറ്റ്‌നാം എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന് രണ്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.