കുട്ടികളെത്താതെ അഫ്ഗാനില്‍ അദ്ധ്യയന വര്‍ഷത്തുടക്കം; കാബൂളിലെ സര്‍വകലാശാല പൂട്ടാനൊരുങ്ങി അധികൃതര്‍

 കുട്ടികളെത്താതെ അഫ്ഗാനില്‍ അദ്ധ്യയന വര്‍ഷത്തുടക്കം; കാബൂളിലെ സര്‍വകലാശാല പൂട്ടാനൊരുങ്ങി അധികൃതര്‍


കാബൂള്‍ : അഫ്ഗാനിസ്താനിലെ അദ്ധ്യയന വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ താലിബാനെ ഭയന്ന് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയില്ല. ഒഴിഞ്ഞ ക്‌ളാസ് മുറികളില്‍ വന്നു മടങ്ങി അദ്ധ്യാപകര്‍. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യമായാണ് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത്.കൊറോണ ഭീതി മാറ്റിവച്ച് ക്‌ളാസുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.

സ്ത്രീസ്വാതന്ത്ര്യത്തെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ട് 1996-2001 വരെ നടത്തിയ ഭരണം ആവര്‍ത്തിക്കില്ലെന്ന് താലിബാന്‍ നല്‍കിയ ഉറപ്പ് ജനങ്ങള്‍ വിശ്വസിക്കുന്നില്ല.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തില്ലെന്നു താലിബാന്‍ പറഞ്ഞതിനു വിരുദ്ധമായാണ് പിന്നീട് പല നീക്കങ്ങളുമുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ കാണരുത് , അവര്‍ക്കിടയില്‍ കര്‍ട്ടന്‍ വേണം എന്നൊക്കെ നിബന്ധന വന്നു.

സര്‍വ്വകലാശാലകളിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ മുഖം മുഴുവനായി മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദ ധരിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം കാണാന്‍ ഒരിക്കലും ഇടവരുത്തരുത് എന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കവാടങ്ങള്‍ ഒരുക്കണമെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശം അംഗീകരിക്കുന്നില്ലെന്നും സര്‍വകലാശാല അടച്ചുപൂട്ടേണ്ടി വരുമെന്നുമാണ് കാബൂളിലെ ഗര്‍ജിസ്ഥാന്‍ സര്‍വകലാശാല അധികൃതരുടെ നിലപാട്. തിങ്കളാഴ്ച കാമ്പസ് ഏതാണ്ട് കാലിയായിരുന്നുവെന്ന് സര്‍വകലാശാലാ ഡയറക്ടര്‍ നൂര്‍ അലി റഹമാനി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.