മെക്‌സിക്കോ സിറ്റി: അകാപുല്‍കോ ബീച്ച് റിസോര്‍ട്ടിന് സമീപമുള്ള മെക്‌സിക്കോ പ്രദേശത്ത് ശക്തമായ ഭൂകമ്പം. ചൊവ്വാഴ്ച രാത്രിയായിരുന്നു 6.9 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. പസഫിക് തീരത്തിന് സമീപം വിസ്തൃതമായ മേഖലയില്‍ കെട്ടിടങ്ങള്‍ ഉലഞ്ഞ് ജനങ്ങള്‍ ഭയാക്രാന്തരായെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങളെക്കുറിച്ച് ഉടനടി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് മെക്‌സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോം ട്വിറ്ററില്‍ പറഞ്ഞു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ച് റിസോര്‍ട്ടിന് തെക്കുകിഴക്കായി 14 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് ദേശീയ ഭൂകമ്പ സര്‍വീസ് അറിയിച്ചു.നൂറുകണക്കിന് കിലോമീറ്റര്‍ അകലെ വരെ കെട്ടിടങ്ങള്‍ കുലുങ്ങി.ജനങ്ങള്‍ തെരുവുകളിലേക്ക് ഓടി.ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് ഗ്വെറേറോ ഗവര്‍ണര്‍ ഹെക്ടര്‍ അസുത്തുദിലോ പറഞ്ഞു.അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന മെക്‌സിക്കോ, ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സജീവ മേഖലകളില്‍ ഒന്നാണ്.