വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ചൂടേറിയ കാലാവസ്ഥയില്‍ തടവുകാരുടെ മനം കുളിര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ വക ഐസ്‌ക്രീം സമ്മാനം. റോമിലെ രണ്ടു ജയിലുകളിലേക്കാണ് 15,000 ഐസ്‌ക്രീം മാര്‍പാപ്പ അയച്ചുകൊടുത്തത്. റോം നഗരത്തിലെ റെജീന കോയ്‌ലി ജയിലിലേക്കും
കിഴക്കന്‍ മേഖലയിലെ റെബിബിയ ജയിലിലേക്കുമാണ് ഐസ്‌ക്രീം നല്‍കിയത്.
വത്തിക്കാനിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കിയാണ് ഐസ്‌ക്രീമുകള്‍ തടവറകളില്‍ എത്തിച്ചത്.
വത്തിക്കാന്‍ ചാരിറ്റി ഓഫീസിന്റെ നേതൃത്വത്തില്‍ റോമിലെ നിര്‍ധനര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റുകളും പ്രതിരോധ കുത്തിവയ്പുകളും നല്‍കിയിട്ടുണ്ട്. ജൂണില്‍ റോമിലെ റെബിബിയ ജയിലിലെ 20 തടവുകാര്‍ക്ക് മാര്‍പാപ്പയെ കാണാനും വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു.
ഏറ്റവും തീവ്രതയേറിയ ഉഷ്ണകാലമാണ് ഇറ്റലിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നു വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഗസ്റ്റില്‍ യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് സിസിലി ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തത്.