മലമുകളില്‍നിന്നു വീണ കാമറാമാന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം

മലമുകളില്‍നിന്നു വീണ കാമറാമാന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം

മോസ്‌കോ: കാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രി മലമുകളില്‍ നിന്ന് വീണു മരിച്ചു. റഷ്യയിലെ നോറില്‍സ്‌ക് പട്ടണത്തിലാണ് സംഭവം. അത്യാഹിതവകുപ്പു മന്ത്രി യെവ്‌ഗെനി സിനിചെവ് (55) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍നിന്ന് വീണ് മരിക്കുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക് പ്രദേശത്ത് വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മലഞ്ചെരുവിന്റെ അരികില്‍ നില്‍ക്കുന്നതിനിടെ കാമറാമാന്‍ കാല്‍വഴുതി വീഴുകയായിരുന്നു. പെട്ടെന്ന് അടുത്തുനിന്ന സിനിചെവ് കാമറാമാനെ രക്ഷിക്കാനായി എടുത്തുചാടി. ചാട്ടത്തിനടയില്‍ പാറയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടെയുള്ളവര്‍ക്ക് മനസിലാകുന്നതിന് മുമ്പ് മന്ത്രി എടുത്തുചാടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

2018 മേയിലാണ് യെവ്‌ഗെനി സിനിചെവ് അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്.

സോവിയറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിയില്‍ അംഗമായിരുന്നു സിനിചേവ്. 2006-നും 2015-നും ഇടയില്‍ പുടിന്റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു. നിരവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ് സിനിചേവ്. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്.എസ്.ബി) ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.