ഇസ്ലാമാബാദ് : അധ്യാപകര്‍ സ്‌കൂളുകളിലും കോളേജുകളിലും പാലിക്കേണ്ട ചിട്ടകളെ കുറിച്ച് പുതിയ സര്‍ക്കുലറുമായി പാക്കിസ്ഥാനിലെ ഫെഡറല്‍ ഡയറക്ടറേറ്റ് ഒഫ് എഡ്യുക്കേഷന്‍ (എഫ്ഡിഇ). അധ്യാപകരുടെ ഡ്രസ് കോഡ് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.
സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങൾ കൂടുതലും വനിത അധ്യാപകര്‍ക്കുള്ളതാണ്. ജീന്‍സും ഇറുകിയ വസ്ത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ധരിക്കരുത്, സ്‌കാര്‍ഫ്/ഹിജാബ് ധരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. പുരുഷന്‍മാരോടും ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന് പുതുതായി പുറത്തിറങ്ങിയ ഉത്തരവ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള എഫ്ഡിഇയുടെ കത്ത് സ്‌കൂളുകളിലേയും കോളേജുകളിലേയും പ്രിന്‍സിപ്പലുമാര്‍ക്കാണ് അയച്ചിട്ടുള്ളത്.
വസ്ത്രത്തിന് പുറമേ വ്യക്തിപരമായ ശുചിത്വം അദ്ധ്യാപകര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. അധ്യാപകരുടെ മുടിവെട്ട്, താടി വെട്ടല്‍, നഖം വെട്ടല്‍, ഉപയോഗിക്കുന്ന പെര്‍ഫ്യൂം എന്നിവയുടെ കാര്യങ്ങള്‍ പോലും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്ലാസ് എടുക്കുമ്പോളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോൾ പാര്‍ട്ടിവെയര്‍ പോലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.
സ്കൂളിലെ മറ്റ് ജീവനക്കാര്‍ അവരുടെ സ്റ്റാഫ് യൂണിഫോം കൃത്യമായി ധരിക്കണമെന്നും ഇക്കാര്യം അധികാരികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറിൽ നിര്‍ദ്ദേശിക്കുന്നുണ്ട്.