ഇര്‍ബില്‍: ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാര്‍ ആവാ റോയെല്‍ (46) എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിലെ മെത്രാപ്പോലീത്ത മാര്‍ മീലീസ് സയ്യയുടെ അദ്ധ്യക്ഷതയില്‍ സഭാ ആസ്ഥാനമായ ഇറാഖിലെ ഇര്‍ബിലില്‍ നടക്കുന്ന സിനഡിലാണ് സഭയുടെ 122ാമത് പാത്രിയര്‍ക്കീസായി കാലിഫോര്‍ണിയയിലെ ബിഷപ്പായ മാര്‍ മാര്‍ അവ റോയെല്‍ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രായാധിക്യത്തെ തുടര്‍ന്ന് നിലവിലെ പാത്രിയര്‍ക്കീസ് മാര്‍ ഗീവര്‍ഗീസ് സ്ലീവ മൂന്നാമന്‍ സ്ഥാനത്യാഗം ചെയ്തതോടെയാണ് പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തത്. സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാര്‍ അവ റോയെലിന്റെ സ്ഥാനാരോഹണം അസീറിയന്‍ സഭയിലെ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 13നു നടക്കും.
സിനഡ് അധ്യക്ഷന്‍ ആര്‍ച്ചു ബിഷപ് മാര്‍ മീലിസ് സയ്യായുടെ മുഖ്യകാര്‍മികത്വത്തില്‍ എര്‍ബിലിലെ മാര്‍ യോഹന്നാന്‍ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കുക. ഭാരതത്തില്‍ നിന്നുള്ള പ്രതിനിധികളായ മാര്‍ യോഹന്നാന്‍ യോസഫ്, മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ സഹ കാര്‍മികരാകും.