മണ്ണാര്‍ക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

മണ്ണാര്‍ക്കാട്  ഹോട്ടലില്‍ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

മണ്ണാര്‍ക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടുമരണം. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവര്‍ എവിടത്തുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഹോട്ടലും മുകള്‍ നിലകളില്‍ ലോഡ്ജുമാണ് പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍തന്നെ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മുകള്‍ നിലയിലെ മുറിക്കുള്ളില്‍ ഒരു സ്ത്രീയെയും പുരുഷനെയും അബോധാവസ്ഥയില്‍ കണ്ടത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോഡ്ജിലെ രേഖകള്‍ മുഴുവന്‍ നശിച്ചതിനാല്‍ ഇവര്‍ എവിടത്തുകാരാണെന്ന് വ്യക്തമല്ല. കോട്ടയ്ക്കല്‍ സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുക ശ്വസിച്ചതാണ് ഇവരുടെ മരണത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.