വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവെന്ന് റിപ്പോര്‍ട്ട്

വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്‌സിന്‍ സ്വീകരിക്കാത്തവരെക്കാള്‍ 11 മടങ്ങ് കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍.

കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 10 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ തീവ്രത കുറഞ്ഞെന്നും അമേരിക്കയുടെ മോഡേണ വാക്‌സിന്‍ ഈ വകഭേദത്തിനെതിരെ പ്രതീക്ഷിച്ചതിലധികം ഫലപ്രാപ്തി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ പറഞ്ഞതു പോലെ വാക്‌സിനുകള്‍ ഫലപ്രാപ്തി കാണുന്നുണ്ടെന്ന് സിഡിസി ഡയറക്ടര്‍
ഡോ. റോച്ചല്‍ വാലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.

ഡെല്‍റ്റ വകഭേദം രൂക്ഷമാകുന്നതിന് മുമ്പ് ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 19 വരെ ആദ്യ പഠനം നടത്തുകയും ശേഷം ജൂണ്‍ 20 മുതല്‍ ജൂലായ് 17 വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ താരതമ്യം ചെയ്തു. ഇതിലൂടെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത കുറഞ്ഞെന്നും വാക്‌സിന്‍ സ്വീകരിക്കാത്തവരേക്കാള്‍ 10 മടങ്ങ് കുറവാണെന്നും കണ്ടെത്തി.

കൂടാതെ മോഡേണ വാക്‌സിന് 95 ശതമാനം, ഫൈസര്‍ വാക്‌സിന് 80 ശതമാനം , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് 60 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറിലധികം തൊഴിലാളികളുള്ള കമ്പനികളില്‍ തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ആഴ്ചതോറും കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സിഡിസി റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.