ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു മറുപടിയായി ഇസ്രായേലിന്റെ വ്യോമാക്രമണം

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു മറുപടിയായി ഇസ്രായേലിന്റെ വ്യോമാക്രമണം


ജെറുസലേം: പലസ്തീനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പിലേക്ക് ഇസ്രായേലിന്റെ വ്യോമാക്രമണം. ആളപായം ഉണ്ടായോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

പരമാവധി സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്ന് ആറ് പലസ്തീന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലും പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച നിലയിലാണ്. നാലു തടവുകാരെ ഇസ്രായേല്‍ സൈന്യം പിടികൂടി.

രണ്ട് തടവുകാരെ വീതം രണ്ടു തവണ പിടികൂടിയപ്പോഴും ഗാസ ഭരിക്കുന്ന ഇസ്ലാമിസ്റ്റ് സായുധ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് പ്രയോഗിച്ചിരുന്നു.തുടര്‍ന്നാണ് ഹമാസിന്റെ ലക്ഷ്യങ്ങള്‍ ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ദുര്‍ബലമായ സമാധാന ഉടമ്പടിക്കു വിരാമം കുറിച്ച് മെയ് മാസത്തില്‍ 11 ദിവസത്തെ കടുത്ത പോരാട്ടം നടന്നിരുന്നു. അതില്‍ കുറഞ്ഞത് 250 പലസ്തീനികളും ഇസ്രായേലില്‍ 13 പേരും കൊല്ലപ്പെട്ടു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.