ന്യൂയോര്‍ക്ക് : അഫ്ഗാനില്‍ ഭരണം കയ്യടക്കാന്‍ താലിബാന് സഹായം നല്‍കിയ പാകിസ്താനെ വിമര്‍ശിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. അഫ്ഗാനിലെ ജനതയ്ക്കിടയില്‍ താലിബാന്‍ ഭീകരര്‍ അപരിഷ്‌കൃത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹഖ്വാനി നെറ്റ് വര്‍ക്കിലെ ഭീകരരുള്‍പ്പെടെയുള്ള താലിബാനികള്‍ക്ക് പാകിസ്താന്‍ അഭയം നല്‍കിയെന്ന് ബ്ലിങ്കണ്‍ പറഞ്ഞു.
അടുത്തിടെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. നേരത്തെ താലിബാനുമായി ഐഎസ്‌ഐയ്ക്ക് ബന്ധമുണ്ടെന്ന് അമേരിക്കന്‍ ജനപ്രതിനിധി ബില്‍ കേറ്റിംഗും വെളിപ്പെടുത്തിയിരുന്നു.
താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. അമേരിക്കയുമായി തര്‍ക്കത്തിലേര്‍പ്പെടുക ഇതിലെ പ്രധാനപ്പെട്ടതാണ് . ഭീകരരെ പിന്തുണയ്ക്കാതെ അഫ്ഗാന്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം അണി നിരക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കി.