ഗ്രീന്‍ലാന്‍ഡ് ഹിമപാളിയുടെ ഉച്ചിയില്‍ പെയ്ത ആദ്യമഴ ലോകത്തിനാകെ അപകടസൂചനയെന്ന് വിദഗ്ധര്‍

 ഗ്രീന്‍ലാന്‍ഡ് ഹിമപാളിയുടെ ഉച്ചിയില്‍ പെയ്ത ആദ്യമഴ ലോകത്തിനാകെ അപകടസൂചനയെന്ന് വിദഗ്ധര്‍


കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിലെ ഹിമപാളിയുടെ ഉച്ചിയില്‍ ചരിത്രത്തിലാദ്യമായി പെയ്ത മഴ ലോകവ്യാപകമായി മഹാപ്രളയമടക്കമുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ അരങ്ങേറാനുള്ള സൂചനയാകാമെന്ന നിരീക്ഷണവുമായി ശാസ്ത്ര ലോകം. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഓഗസ്റ്റ് 14-ന് മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്‌നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയര്‍ത്തും.

'അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്ന സംഭവമാണിത്. ആദ്യമായാണിങ്ങനെയുണ്ടാകുന്നത്. ആഗോളതാപനത്തിന്റെ ദൂഷ്യ ഫലം.'- ഡാനിഷ് കാലാവസ്ഥാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മാര്‍ട്ടിന്‍ സ്റ്റെന്‍ഡല്‍ പറഞ്ഞു.കഴിഞ്ഞ 2,000 വര്‍ഷത്തിനിടയില്‍ ഒന്‍പത് തവണ മാത്രമേ ഈ മേഖലയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തിയിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മൂന്ന് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആദ്യമായാണ് മഴ പെയ്തത്-അദ്ദേഹം പറഞ്ഞു. മഴ പെയ്യുന്നതിന് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു മുകളിലോ അതിന് തൊട്ടു താഴെയോ ആയിരിക്കണം.

ഓരോ വര്‍ഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീന്‍ലന്‍ഡിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അന്റാര്‍ട്ടിക്കയ്ക്ക് പുറത്ത്, ഗ്രീന്‍ലാന്‍ഡ് ഹിമപാളികളില്‍ മറ്റെല്ലാ ഹിമാനികളും ഐസ് ഫീല്‍ഡുകളും ചേര്‍ന്നതിന്റെ നാലിരട്ടി ഐസ് നിലവിലുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിന് മാന്‍ഹട്ടന്റെ 36,000 ഇരട്ടിയിലധികം വലിപ്പം വരും. പല പ്രദേശങ്ങളും ആയിരക്കണക്കിന് അടി കട്ടിയുള്ള മഞ്ഞുമൂടിയതാണ്.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേനും ശേഖരിക്കുമ്പോള്‍ ഐസ് ഷീറ്റ് വിഘടിക്കുന്നു. ഇത് ഭൂമിയെ ചൂടാക്കുന്നു.
ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.