ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ ക്ഷണം തള്ളി നടന്‍ വിജയ്. തമിഴക വെട്രി കഴകം (ടിവികെ) ഒരു സഖ്യത്തിലേക്കുമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. പനൈയൂരില്‍ ചേര്‍ന്ന ടിവികെയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
തമിഴ്നാട്ടില്‍ ടിവികെ ബിജെപിയുമായി സഹകരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായി തള്ളിക്കൊണ്ടാണ് വിജയ് രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ചത്. പ്രത്യയശാസ്ത്രപരമായ എതിരാളികള്‍ എന്നും വിഭജന രാഷ്ട്രീയം ഉയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി എന്നുമാണ് വിജയ് ബിജെപിയെ വിശേഷിപ്പിച്ചത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ്യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായി. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി. ജൂലൈ രണ്ടാം വാരം മുതല്‍ മെംബര്‍ ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും.
എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സര്‍ക്കാരിന്റെ നയങ്ങളെയും വിജയ് യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ പറണ്ടൂര്‍ വിമാനത്താവള പദ്ധതിയെ എതിര്‍ക്കുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെ കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്നും അദേഹം പറഞ്ഞു. 15,000 ജനങ്ങളുടെ പ്രശ്‌നം സര്‍ക്കാരിന് ചെറുതാണോ എന്നും വിജയ് ചോദിച്ചു.