കോംഗോയിൽ ദേവാലയത്തിൽ കവർച്ച; സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം കൊള്ളയടിച്ചു

കോംഗോയിൽ ദേവാലയത്തിൽ കവർച്ച; സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം കൊള്ളയടിച്ചു

കോംഗോ: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ദേവാലയത്തിൽ കവർച്ച. ലുബുംബാഷി കത്തോലിക്കാ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക ദേവാലയമാണ് കവർച്ചക്കിരയായത്. സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം ദിവ്യബലിക്ക് ഉപയോഗിക്കുന്ന സകല വസ്തുക്കളും കവര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ദേവാലയം അടച്ചു.

മോഷ്ടാക്കള്‍ അലമാര കാലിയാക്കി ആരാധനാ വസ്ത്രങ്ങള്‍, കുരിശുകള്‍, അള്‍ത്താര തുണി, മൈക്രോഫോണുകള്‍, ആരാധനാ പുസ്തകങ്ങള്‍ തുടങ്ങിയവ കവര്‍ച്ച ചെയ്തതായി അതിരൂപതയുടെ വികാരി ജനറാള്‍ ഫാ. ഇമ്മാനുവേല്‍ മൂബ പറഞ്ഞു. ദേവാലയത്തെയോ ഇടവകയെയോ അല്ല ഇവര്‍ അക്രമിച്ചതെന്നും ക്രിസ്തുവിന്റെ ശരീരത്തെയാണ് അക്രമിച്ചതെന്നും ഫാ. ഇമ്മാനുവേല്‍ കൂട്ടിച്ചേര്‍ത്തു.

സക്രാരിയും ദിവ്യബലിയുടെ പുസ്തകങ്ങളും ഉള്‍പ്പടെ സകലതും അക്രമികള്‍ നശിപ്പിച്ചതായി ഇടവക വികാരി ഫാ. ലൂസയന്‍ കാബുലോ പറഞ്ഞു. സഭയുമായി ഭൂമി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികളാണ് ഈ അക്രമത്തിന് പിന്നിലെന്നും പൊലീസും നീതിന്യായ വകുപ്പും നീതി നടപ്പാക്കണമെന്നും ഫാ. മൂബ ആവശ്യപ്പെട്ടു. ദേവാലയം അശുദ്ധമാക്കിയ സാഹചര്യത്തില്‍ പരിഹാര കര്‍മങ്ങളനുഷ്ഠിച്ച് വെഞ്ചിരിക്കുന്നത് വരെ ദേവാലയം വീണ്ടും തുറക്കില്ലെന്ന് വികാരി ജനറാള്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.