ചൈനയില്‍ ഭൂചലനം: 6.0 രേഖപ്പെടുത്തി റിക്ടര്‍ സ്‌കെയില്‍; രണ്ടു മരണം സ്ഥിരീകരിച്ചു

ചൈനയില്‍ ഭൂചലനം: 6.0 രേഖപ്പെടുത്തി റിക്ടര്‍  സ്‌കെയില്‍; രണ്ടു മരണം സ്ഥിരീകരിച്ചു

ബെയ്ജിങ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു മരണം സ്ഥിരീകരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 200 ലധികം വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ 4.33 ഓടെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി. പ്രഭവ കേന്ദ്രം ലൂക്സിയാനിലെ ലൂഴോ പ്രദേശത്താണെന്നു കണ്ടെത്തി.

പ്രദേശത്ത് ദുരന്ത നിവാരണ സേന അധികൃതരുടെ നേതൃത്വത്തില്‍ 4000 പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷാദൗത്യം ആരംഭിച്ചു. ആറായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതല്ലെന്ന് ഭരണകൂടം അറിയിച്ചു.

ലൂക്സിയാനിലെ ഫുജി ടൗണ്‍ഷിപ്പിലാണ് ആളപായം റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കിലോമീറ്റര്‍ ആഴത്തില്‍ വടക്കന്‍ അക്ഷാംശം 29.2 ഡിഗ്രിയിലും കിഴക്കന്‍ രേഖാംശം 105.34 ഡിഗ്രിയിലുമായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതേ പ്രദേശത്ത് 2008 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.