ഡെല്‍റ്റ വകഭേദ വ്യാപനം തടയാന്‍ വീണ്ടും പ്രവിശ്യാ ലോക്ഡൗണുമായി ചൈന

 ഡെല്‍റ്റ വകഭേദ വ്യാപനം തടയാന്‍ വീണ്ടും പ്രവിശ്യാ ലോക്ഡൗണുമായി ചൈന


ബീജിംഗ്: ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് തെക്കുകിഴക്കന്‍ ഫുജിയാന്‍ പ്രവിശ്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനാണ് 4.5 ദശലക്ഷം ജനസംഖ്യയുള്ള ഫുജിയാന്‍ അടച്ചിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഫുജിയാന്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളില്‍ 103 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ പതിവ് പരിശോധനയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഫുജിയാനിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് അടുത്തിടെ വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. ഇയാളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നത്.

ജനക്കൂട്ടം എത്തുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ണ്ണമായും അടച്ചിടാനാണ് നിര്‍ദ്ദേശം. വിനോദസഞ്ചാര മേഖലകളിലും സിനിമാ തിയേറ്ററുകള്‍, ബാറുകള്‍, ജിമ്മുകള്‍, ലൈബ്രറികള്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു നഗരത്തില്‍ മാത്രമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും ആവശ്യമെങ്കില്‍, മറ്റ് നഗരങ്ങളിലെ സാഹചര്യം പരിഗണിച്ച്, ലോക്ക്ഡൗണിനെക്കുറിച്ച് ചിന്തിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. റെസിഡന്‍ഷ്യല്‍ ഏരിയകളിലും സ്‌കൂളുകളിലും ഫാക്ടറികളിലും രോഗം വ്യാപനം കൂടാന്‍ സാദ്ധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.