ഗര്‍ഭഛിദ്രം കൊലപാതകം; വിവാഹം കര്‍ത്താവ് സ്ഥാപിച്ച കൂദാശ, അത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം: സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗര്‍ഭഛിദ്രം കൊലപാതകം;  വിവാഹം കര്‍ത്താവ് സ്ഥാപിച്ച കൂദാശ, അത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം: സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം കൊലപാതകമാണെന്നും വിവാഹം അടക്കം കര്‍ത്താവ് സ്ഥാപിച്ച കൂദാശകളില്‍ മാറ്റം വരുത്താന്‍ സഭയ്ക്ക് അധികാരമില്ലെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ഗര്‍ഭഛിദ്രം കൊലപാതകമാണ്. ശാസ്ത്രീയമായി ഇതൊരു മനുഷ്യ ജീവിതമാണ്. പാഠപുസ്തകങ്ങള്‍ അത് നമ്മെ പഠിപ്പിക്കുന്നു. ഗര്‍ഭഛിദ്രത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും സഭ അത് അംഗീകരിച്ചാല്‍ കൊലപാതകത്തെ അംഗീകരിക്കലാകുമെന്നും പാപ്പ പറഞ്ഞു.

ഗര്‍ഭഛിദ്ര അനുകൂലികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നത് അമേരിക്കന്‍ കത്തോലിക്ക സഭയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴാണ് ഫാന്‍സിസി മാര്‍പാപ്പ ഗര്‍ഭഛിദ്രത്തെ അസന്നിഗ്ദമായി തള്ളി പറഞ്ഞ് സഭയുടെ പാരമ്പര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

വിവാഹം ഒരു കൂദാശയാണെന്നത് വ്യക്തമായ കാര്യമാണ്. സ്വവര്‍ഗാനുരാഗികളായ നിരവധി പേര്‍ കുമ്പസാരത്തിനും ഉപദേശത്തിനുമായി പുരോഹിതരെ സമീപിക്കാറുള്ളതും അവരുടെ ജീവിതത്തില്‍ മുന്നേറുവാന്‍ സഭ അവരെ സഹായിക്കാറുള്ളതും ചൂണ്ടിക്കാട്ടിയാണ് വിവാഹമെന്ന കൂദാശ ഇതില്‍ നിന്നും വ്യത്യസ്തമായൊരു കാര്യമാണെന്ന് അദ്ദേഹം പറഞ്ഞത്.

ഫ്രാന്‍സിസ് പാപ്പ സ്വവര്‍ഗ ബന്ധത്തിന് കൗദാശികമായ അനുമതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് നാളുകളായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള സഭയുടെ പാരമ്പര്യം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വിഷയത്തിലുള്ള കുപ്രചരണം തല്‍ക്കാലം അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.