ദുബായ്: തിനൊന്നാമത് പൊതുഗതാഗത ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളുമൊരുക്കി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഫണ്ട് ഫോർ വിർച്വല്‍ ഹണ്ടിലൂടെ യാത്രാക്കാർക്ക് 20 ലക്ഷം നോൽ പ്ലസ് പോയിന്റുകള്‍ നേടാനാകും. ഒക്ടോബർ 25 മുതല്‍ നവംബർ ഒന്നുവരെയാണ് ഇത് നടക്കുക. ഓണ്‍ലൈനായിട്ടാണ് മത്സരം. പൊതുവാഹനങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ഏറ്റവും കൂടുതൽ പോയിന്റുകള്‍ നേടുന്ന ഏഴ് യാത്രക്കാർക്ക് സമ്മാനങ്ങള്‍ ലഭിക്കും. ഇതു കൂടാതെ, വോക്സ് സിനിമാസ് പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ക്വിസ് മത്സരത്തിലൂടെ 100 സിനിമാ ടിക്കറ്റുകൾ സമ്മാനിക്കും. ഇതിൽ 60 ടിക്കറ്റുകൾ പബ്ലിക് ട്രാൻസ്പോർട് സ്റ്റേഷനുകളിലും 40 എണ്ണം സമൂഹ മാധ്യമങ്ങളിലൂടെയും നടത്തുന്ന ക്വിസ് മത്സര വിജയികൾക്കാണ് സമ്മാനിക്കുക. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ മത്സരങ്ങളും സമ്മാനങ്ങളുമൊക്കെ ആർ ടി എ ഒരുക്കിയിരിക്കുന്നത്.