ഗില്‍ഗിത്: അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗില്‍ഗിത് ബാള്‍ട്ടിസ്താനില്‍ നിന്ന് യുറേനിയം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ ചൈനയ്ക്കു വേണ്ടി പരമാവധി ചൂഷണം ചെയ്യാനുള്ള പദ്ധതിയുമായി പാകിസ്താന്‍. യൂറേനിയത്തിന്റെ അതിവിപുലമായ ശേഖരമുണ്ടിവിടെ. ചൈനയിലേക്ക് ആണവോര്‍ജ്ജസംബന്ധമായ ആവശ്യത്തിന് യുറേനിയം കയറ്റി അയക്കുക എന്നതാണ് പാകിസ്താന്റെ പ്രധാന ലക്ഷ്യം. ഇറാനും ആണവാവശ്യങ്ങള്‍ക്ക് യുറേനിയം ആവശ്യമുണ്ട്.
ഗില്‍ഗിത് ബാള്‍ട്ടിസ്താനിലെ ഹൈദര്‍ ആബാദ്, ഹുന്‍സാ നഗര്‍,സ്‌കര്‍ദു, ഗിസാര്‍ മേഖലകള്‍ ആണവോര്‍ജ്ജരംഗത്തെ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ഖൈബര്‍ പഖ്തൂണ്ഖ്വായിലെ ദാര്‍ഗായ് ഗ്രാമവും ഖനനത്തിനായി നോക്കിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ഖനനമാണ് നടക്കാന്‍ പോകുന്നതെന്ന് ഗില്‍ഗിത് ജനത ആരോപിക്കുന്നു. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് യുറേനിയത്തിലൂടെ മാത്രം 2400 കോടി രൂപയാണ് വരുമാനം ലക്ഷ്യമിടുന്നത്. 36 കിണറുകളാണ് ഇതിനായി കുഴിക്കേണ്ടി വരിക.
അന്താരാഷ്ട്ര ആണവോര്‍ജ്ജ നിയന്ത്രണ ഏജന്‍സികളുടെ നിതാന്ത ജാഗ്രത മൂലമാണ് പാകിസ്താന്റെ ചൂഷണം ഇതുവരെ വൈകിയത്. ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ മേഖലയിലെ ജനങ്ങളെ ശത്രുക്കളായി കാണുന്ന ഇമ്രാന്‍ ഭരണകൂടം ജനദ്രോഹ നടപടികളാണ് പ്രവിശ്യയില്‍ നിരന്തരം സ്വീകരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയുള്ള അണക്കെട്ട് നിര്‍മ്മാണം ചൈനയുടെ സഹായത്താല്‍ നടക്കുകയാണ്. ഇതിനെതിരെ നിരന്തരം പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പര്‍വ്വത മേഖലകളില്‍ അപകടകരങ്ങളായ ഖനികള്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്നത്.