കണ്ണൂര്‍: കേരളത്തിലേത് കമ്മീഷന്‍ സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജലപാത, കെ റെയില്‍ എല്ലാം കമ്മീഷന്‍ അടിച്ചെടുക്കാനുള്ള പദ്ധതികളാണെന്നും സുധാകരന്‍ ആരോപിച്ചു. എന്ത് നിര്‍മാണം നടത്തിയാലും അതില്‍ നിന്നെല്ലാം സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ലാഭ വിഹിതത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. കേരളവും കേന്ദ്രവും അനിയന്‍ ബാവ ചേട്ടന്‍ ബാവ പോലെയാണ്. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബി ജെ പി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുന്നു. കേരളത്തിലും അതും തന്നെ സംഭവിക്കുന്നു. എല്ലാം അഴിമതിയാണ്. മുട്ടില്‍ മരം മുറി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും സുധാകരന്‍ പറഞ്ഞു. തെളിവുകള്‍ മാധ്യമങ്ങളുടെ പക്കല്‍ ഉണ്ട്. അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണെന്നും സുധാകരന്‍ ആരോപിച്ചു.
കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്തും നടത്തി. കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. നാല് വര്‍ഷം കൊണ്ടു നടന്ന സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.