തിരുവനന്തപുരം: മലയാളികളുടെ ഇഷ്ടതാരമായ നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്. 2021 സെപ്റ്റംബര്‍ 21 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരമാണ് സീമയെ തേടി എത്തിയത്. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് 'കല 'യുടെ രക്ഷാധികാരി സുനില്‍ ജോസഫ് കൂഴംബാല, കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.
സീമയുടെ ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് അവാര്‍ഡ്. ''നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന ദിനത്തിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കുക.