ദില്ലി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതിയ ബോയിങ് 777 വിമാനങ്ങളിൽ രണ്ടാമത്തേത് ഡൽഹിയിൽ ലാൻഡ് ചെയ്തു. വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ആണ് ആഢംബര സൗകര്യങ്ങൾ ഉള്ള ബോയിങ് 777 വിമാനങ്ങളിൽ ഉള്ളത്.
വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കം ചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, കിടപ്പറ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവ പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 സജ്ജമാക്കിയിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് വേണ്ടി മാത്രം പ്രത്യേകം തയ്യാറാക്കിയ വിമാനങ്ങളാണ് ബോയിങ് 777.
അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഈ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ധനം തീർന്നാൽ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും എന്നത് ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്. പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങൾ പറത്തുക. 8458 കോടിയാണ് ആഡംബര വിമാനത്തിന്റെ വില.