ദുബായ്: വാക്സിനേഷന്‍ നിരക്കില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലെത്തി യുഎഇ. രാജ്യത്തെ 91 ശതമാനം ആളുകളും കോവിഡ് വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.രാജ്യത്തെ 80.38 ശതമാനം പേരും വാക്സിന്‍റെ ഇരു ഡോസുകളും സ്വീകരിച്ചവരാണ്. ലോകത്ത് വാക്സിനേഷന്‍ നിരക്കില്‍ പോർച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് യുഎഇയെന്നും ആരോഗ്യവക്താവ് ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
പോർച്ചുഗലിലെ വാക്സിനേഷന്‍ നിരക്ക് 81.2 ശതമാനമാണ്. കോവിഡ് പരിശോധന നിരക്കില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് യുഎഇ. കോവിഡ് ബാധിച്ചുളള മരണങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്തുമാണ് രാജ്യം. 2020 ആഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ല്‍ പ്രതിദിന കോവിഡ് കേസുകള്‍ 60 ശതമാനം കുറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. എണ്‍പത് ദശലക്ഷം കോവിഡ് പരിശോധനകളാണ് ആകെ രാജ്യത്ത് നടത്തിയത്. ഇതില്‍ 733,325 പേര്‍ക്ക് ആകെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 725,254 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 2078 പേര്‍ മരിച്ചു.