വത്തിക്കാൻ: സഭയിൽ 13 പുതിയ കർദ്ദിനാൾമാരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഈ ഞായറാഴ്ചയിലെ ത്രികാല പ്രാർത്ഥന വേളയിലാണ് വത്തിക്കാനിൽവച്ച് ഫ്രാൻസിസ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത്. പതിമൂന്നുപേരിൽ ഒൻപത് പേർ എൺപത് വയസ്സിനു താഴെ പ്രായമുള്ളവരും പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ കഴിയുന്നവരുമാണ്. നവംബർ 28ന് ചേരുന്ന കൺസിസ്റ്ററി യോഗത്തിലാണ് ഇവരുടെ നിയമനം ഔദ്യോഗികമായി നടക്കുക.
പുതിയ കർദ്ദിനാൾമാരിൽ മാരിയോ ഗ്രേഹ്, മർച്ചെല്ലോ സെമെരാറോ എന്നീ രണ്ടുപേർ റോമൻ കൂരിയയിൽ ജോലിചെയ്യുന്നവരാണ്. ഇവരെകൂടാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആന്ത്വൻ കംമ്പാന്ത, വിൽട്ടൺ ഗ്രിഗറി, ഹൊസെ അദ്‌വിൻകുള, ചെലെസ്റ്റീനോ ഔസ് ബ്രാക്കോ, കൊർണേലിയൂസ് സിം, അഗുസ്തോ പൗളോ ലോയ്യൂദീചേ, മൗറോ ഗംബേത്തി എന്നിവരാണ് എൺപത് വയസിനുതാഴെ പ്രായമുള്ളവർ. ഒപ്പം എൺപത് വയസ്സിനു മുകളിൽ പ്രായമുള്ള ഫെലിപ്പെ അരിസ്മെന്തി എസ്കിവൽ, സിൽവാനോ തൊമാസി, റനിയേറോ കാന്തലമെസ്സ, എൻറിക്കോ ഫെറോചി എന്നിവരും പുതിയ കർദ്ദിനാൾമാരിൽ ഉൾപ്പെടുന്നു.