കീവ്: ഉക്രേനിയന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലെന്‍സ്‌കിയുടെ ഉന്നത സഹായി വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.സെര്‍ഹി ഷെഫീറിന്റെ കാറിന് നേരെ പതിച്ചത് നിരവധി വെടിയുണ്ടകളാണ്. ഷെഫീറിന് വെടിയേറ്റില്ലെങ്കിലും ഡ്രൈവര്‍ക്ക് പരിക്കു പറ്റി. പ്രസിഡന്റ് വോലോദിമിര്‍ സെലെന്‍സ്‌കിക്കു നേരെയും നേരത്തെ വിഫലമായ വധ ശ്രമമുണ്ടായിരുന്നു.
രാജ്യ തലസ്ഥാനമായ കീവിലാണ് ഷെഫീറിന്റെ കാറിനു നേരെ വെടിവയ്പ്പുണ്ടായത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഇത് വിദേശബന്ധമുള്ള ആഭ്യന്തര ആക്രമണം ആയിരിക്കാമെന്ന് സെലന്‍സ്‌കി പറഞ്ഞു.അതേസമയം റഷ്യയാകാം പിന്നിലെന്ന വാര്‍ത്ത ക്രെംലിന്‍ നിഷേധിച്ചു.
തന്റെ വാഹനത്തില്‍ വെടിയുണ്ടകള്‍ പതിച്ച സംഭവം വിവരിച്ചുകൊണ്ട് ഷെഫീര്‍ പറഞ്ഞു:' ഭയപ്പെടുത്തുന്നതായിരുന്നു അത്. ഞങ്ങള്‍ക്ക് പെട്ടെന്ന വേഗത കൂട്ടേണ്ടി വന്നു.' വെടിവയ്പ്പിനു ശേഷവും കൂസലില്ലാതെ ഡ്രൈവ് തുടരാന്‍ കഴിഞ്ഞെ തന്റെ ഡ്രൈവറെ അദ്ദേഹം പ്രശംസിച്ചു.ഷെഫീറിന് നേരെയുണ്ടായ വെടിവയ്പ്പ് തനിക്കുമുള്ള ഭീഷണിയാണെന്ന് പ്രസിഡന്റ് പറഞ്ഞു.