മിഷിഗണ്‍: കോവിഡ് മൂര്‍ച്ഛിക്കുന്നത് മാനസിക വിഭ്രാന്തി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെ ആക്രമിച്ച് ഓര്‍മയിലും സ്ഥലകാല ബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ ഉണ്ടാക്കുന്ന ഡെലീരിയം എന്ന അവസ്ഥയുണ്ടാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ബി.എം.ജി ഓപ്പണ്‍ എന്ന ജേര്‍ണല്‍ വ്യക്തമാക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്ക സമയത്ത് അമേരിക്കയില്‍ 150 കോവിഡ് രോഗികളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ രോഗികളില്‍ 73 ശതമാനം പേരും മാനസികമായ അസ്വസ്ഥയും ആശങ്കയും വ്യക്തമായി ചിന്തിക്കാന്‍ കഴിയാ അവസ്ഥയും ഉള്ളവരായിരുന്നെന്ന് പഠനത്തില്‍ പറയുന്നു. ദീര്‍ഘനാള്‍ ചികിത്സ ആവിശ്യമുള്ളതും രോഗവിമുക്തി പ്രയാസകരവുമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കോവിഡ് കാരണമാകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പ്രൊഫസര്‍ ഫിലിപ്പ് വ്‌ലിസൈഡ്‌സ് പറഞ്ഞു.
2020 മെയ് മാസത്തില്‍ കോവിഡ് രോഗബാധിതരായതിനെ തുടര്‍ന്ന് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചും അവരുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെയുമാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍ മാനസിക വെല്ലുവിളികള്‍ നേരിട്ട രോഗികളിലെ പൊതുവായ കാര്യങ്ങള്‍ പഠിക്കാനാണ് ഗവേഷക സംഘം ശ്രമിച്ചത്.
പഠനത്തിന് വിധേയരായവര്‍ക്ക് തലച്ചോറിലേക്കെത്തുന്ന ഓക്‌സിജന്‍ കുറയുക, രക്തം കട്ടപിടിക്കുക, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇവര്‍ക്ക് മാനസിക വ്യതിയാനങ്ങളുണ്ടാക്കുന്ന ശാരീരിക അവസ്ഥകള്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടപ്പോഴും ഈ രോഗികള്‍ ഡിലീരിയം വിമുക്തരായിട്ടില്ല. ഇതില്‍ വലിയൊരു വിഭാഗം രോഗികള്‍ക്കും കൃത്യമായ തുടര്‍ ചികിത്സകള്‍ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.