പൊടുന്നനെ 500 ജീവനക്കാരെ കോടിപതികളാക്കി അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി കമ്പനി

പൊടുന്നനെ 500 ജീവനക്കാരെ കോടിപതികളാക്കി അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി കമ്പനി


ന്യൂയോര്‍ക്ക്: ഒരു ദിവസം കൊണ്ട് ജീവനക്കാരെ കോടിപതികളാക്കി ഞെട്ടിച്ചു അമേരിക്കയിലെ ഇന്ത്യന്‍ ബഹുരാഷ്ട്ര ഐ.ടി കമ്പനി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രഷ് വര്‍ക്സ് കമ്പനിയാണ് 500 ജീവക്കാരെ പൊടുന്നനെ കോടീശ്വരന്‍മാരും കോടീശ്വരികളുമാക്കിയത്.ഈ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്.

കഴിഞ്ഞ ദിവസം യുഎസ് ഓഹരിവിപണിയായ നാസ്ഡാക്കില്‍  ഫ്രഷ് വര്‍ക്സ് ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് 
ജീവനക്കാര്‍ കോടിപതികളായത്. ഐ പി ഒ യിലൂടെ ഓഹരി വിപണിയില്‍ നിന്ന് അധിക മൂല ധനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് നാസ്ഡാക്കില്‍ ലിസ്റ്റിംഗ് നടത്തിയത്.ഇതോടെ നാസ്ഡാക്കില്‍ ഓഹരി ലഭ്യമാകുന്ന ആദ്യ ഇന്ത്യന്‍ യൂണികോണ്‍ ആയി മാറി ഫ്രഷ്വര്‍ക്സ്.36 ഡോളറായിരുന്ന കമ്പനിയുടെ ഓഹരി വില തൊട്ടു പിന്നാലെ 47.55 ഡോളറായി ഉയര്‍ന്നു. ഇത്തരത്തില്‍ കമ്പനി ഓഹരികളുടെ മൂല്യം 32 ശതമാനത്തിലധികം വര്‍ദ്ധിച്ചതാണ് നേട്ടത്തിന് കാരണം.


ആഗോളതലത്തില്‍ 43,00ലധികം ജീവനക്കാരുള്ള കമ്പനിയിലെ 73 ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ കമ്പനിയില്‍ ഓഹരി നിക്ഷേപമുണ്ട്. ഗൂഗിളിനടക്കം ഓഹരിയുള്ള ഫ്രഷ് വര്‍ക്സ്സിന്റെ പ്രധാന ഓഹരിയുടമകള്‍ ടൈഗര്‍ ഗ്ലോബല്‍, ആക്സല്‍ ഇന്ത്യ തുടങ്ങിയവരാണ്.ഗിരീഷ് മാതൃഭൂതവും ഷാന്‍ കൃഷ്ണമൂര്‍ത്തിയും 2011 ല്‍ ചെന്നെയില്‍ സ്ഥാപിച്ച  ഐടി കമ്പനിയാണിത്.

 മുന്‍ ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും ഉള്‍പ്പെടെ കമ്പനിയുടെ സ്വപ്‌ന സദൃശ നേട്ടത്തിനു കാരണക്കാരായ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി സി ഇ ഒ ഗിരീഷ് മാതൃഭൂതം.കോടിപതികളായി മാറിയവരില്‍ നല്ലൊരു പങ്കും 30 വയസില്‍ താഴെയുള്ളവരാണെന്ന് 'ജി' എന്ന് വിളിപ്പേരുള്ള ട്രിച്ചിക്കാരനായ അദ്ദേഹം പറഞ്ഞു. എന്റെ സഹപ്രവര്‍ത്തകരെല്ലാവരും ബി എം ഡബ്‌ളിയു കാറില്‍ സഞ്ചരിക്കണമെന്നതാണ് മോഹം- 'ജി' കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.