ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന് വാഷിംഗ്ടണില്‍

ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന് വാഷിംഗ്ടണില്‍

വാഷിംഗ്ടണ്‍: ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ ക്വാഡ് സഖ്യ രാജ്യങ്ങളിലെ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന് വാഷിംഗ്ടണില്‍ നടക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണു യോഗം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉച്ചകോടിയിലെ ചര്‍ച്ചകള്‍. കോവിഡ് പ്രതിരോധം, കാലാവസ്ഥാ പ്രതിസന്ധി, പ്രതിരോധ സാങ്കേതികവിദ്യകളുടെ കൈമാറ്റം, സൈബര്‍ ഇടങ്ങളിലെ സഹകരണം, ഇന്തോ പസഫിക്ക് വ്യാപാരവികസനം, എന്നീ വിഷയങ്ങളില്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ഇടപെടലിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നാലു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ സഹകരണത്തിന്റെ ഭായമായി നാലു രാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം കഴിഞ്ഞ നവംബറില്‍ നടന്നിരുന്നു.

സമുദ്ര സുരക്ഷ, കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്വാഡ് സഖ്യത്തിലൂടെ കഴിയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.