തിരുവനന്തപുരം: സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം യുഡിഎഫിന് എതിരായ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തില്‍ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകളെ പരിഹസിച്ച് അബ്ദുറബ്ബും രംഗത്തെത്തി. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിനെതിരെ എസ്ഡിപിഐ ആയിരുന്നു സിപിഎമ്മിന്റെ കൂട്ട്. എന്നാല്‍ കോട്ടയത്ത് എത്തിയപ്പോള്‍ ഇത് ബിജെപിയായി എന്നുമാത്രം. വര്‍ഗീയ കക്ഷികള്‍ ഏതുമാവട്ടെ യുഡിഎഫിനെ തകര്‍ക്കാന്‍ അവരൊക്കെ സിപിഎമ്മിന് ചങ്ങായിമാരാണെന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം. അതേസമയം അവിശ്വാസ പ്രമേയത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കും. യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുള്ള നഗരസഭയില്‍ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിര്‍ണായകമാണ്.