താലിബാനെ ഇന്ത്യ അംഗീകരിക്കുന്നതാകും ശരിയായ നടപടിയെന്ന് ഫറൂഖ് അബ്ദുള്ള

താലിബാനെ ഇന്ത്യ അംഗീകരിക്കുന്നതാകും ശരിയായ നടപടിയെന്ന് ഫറൂഖ് അബ്ദുള്ള


ന്യൂഡല്‍ഹി : അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചെടുത്ത താലിബാനുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. താലിബാനെ ഇന്ത്യ അംഗീകരിക്കണമെന്നാണ് അബ്ദുള്ള പരോക്ഷമായി പറഞ്ഞത്.അഫ്ഗാനില്‍ അനേക കോടി രൂപയുടെ നിരവധി നിക്ഷേപങ്ങള്‍ ഇന്ത്യ നടത്തിയിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യവുമായി ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്താന്‍ നിലവില്‍ താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്. താലിബാന് മുന്‍പ് അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടി ഇന്ത്യ കോടികളാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാകണം. അതില്‍ ഒരു തെറ്റുമില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.പിഡിപി നേതാവ് മെഹബൂബ മുഫ്തിയും താലിബാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

നേരത്തെയും താലിബാനെ പിന്തുണച്ചുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശവും ഇസ്ലാമിക നിയമങ്ങളും പാലിച്ചുകൊണ്ട് താലിബാന്‍ മികച്ച ഭരണം കാഴ്ചവെക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് അബ്ദുള്ള പറഞ്ഞത്. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ താലിബാന്‍ ശ്രമിക്കണമെന്നും അബ്ദുള്ള വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.