യു.എന്‍: അഫ്ഗാനിസ്ഥാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്ന് പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോഡി പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കു തന്നെ അതു വിനയാകും. അഫ്ഗാനിസ്ഥാനെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോക രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതി ലോക പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാര്‍ഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്കു കടന്നു.
ഞങ്ങളുടെ നാനാത്വമാണു ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ലോകം തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ച കാര്യം എടുത്തു പറഞ്ഞ പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്പനികളെയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
പന്ത്രണ്ട് വയസിനു മുകളിലുള്ള ആര്‍ക്കും ഡിഎന്‍എ വാക്‌സിന്‍ നല്‍കാം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നാസല്‍ വാക്‌സിനും വികസിപ്പിക്കുന്നുണ്ട്. കോവിഡിനെതിരെ പോരാടി ജീവന്‍ വെടിഞ്ഞവര്‍ക്കെല്ലാം ആദരം അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡില്‍ മരണമടഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചാണ് നരേന്ദ്ര മോഡി പ്രസംഗം ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ കൈവരിച്ച നേട്ടവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.