കൊച്ചി: സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാം ചിത്രത്തിന്റെ ടൈറ്റിൽ നൂറിലേറെ താരങ്ങൾ ചേർന്ന് ഇന്ന് വൈകിട്ട് ആറിന് പ്രഖ്യാപിക്കും. തന്റെ ഇരുന്നൂറ്റി അമ്പതാം ചിത്രം സംബന്ധിച്ച് ഇന്ന് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമെന്നും, നേരത്തെ തീരുമാനിച്ച താരങ്ങളും സാങ്കേതിക പ്രവർത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനും എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്റ് ആണ് ഇന്ന് നടക്കാൻ പോകുന്നത് എന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു. പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അതേ പ്രമേയം സിനിമ ആക്കരുത് എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഏതാണ് പുതിയ സുരേഷ് ഗോപി ചിത്രം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.