അഫ്ഗാനിസ്ഥാനിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ലോകം ഇടപെടണം; യു എന്‍ ആസ്ഥാനത്ത് പ്രതിഷേധം

അഫ്ഗാനിസ്ഥാനിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ലോകം ഇടപെടണം; യു എന്‍ ആസ്ഥാനത്ത് പ്രതിഷേധം

ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാന്‍ ഭീകരര്‍ നടത്തുന്ന പൈശാചിക അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര വേദികളിലെത്തിച്ച് സ്ത്രീകള്‍. ന്യൂയോര്‍ക്കിലെ ഐക്യ രാഷ്ട്രസഭ ആസ്ഥാനത്താണ് നൂറുകണക്കിന് പേരുടെ പ്രതിഷേധം നടന്നത്.

ഇരുപതു വര്‍ഷമായി വിദ്യാഭ്യാസം ,വാണിജ്യം, വ്യാപാരം, കലാസാംസ്‌ക്കാരികം, നീതി ന്യായം, കായികം അടക്കം എല്ലാ മേഖലകളിലും അഫ്ഗാനിലെ സ്ത്രീകള്‍ ഏറെ മുന്നേറി. എന്നാല്‍ താലിബാന്‍ ഓഗസ്റ്റ് 15ന് ഭരണത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും എടുത്തുകളഞ്ഞെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

'ലോകത്തെ എല്ലാ മേഖലയിലേയും പകുതി ശക്തിയെന്നത് സ്ത്രീകളാണ്. അവരെ വീട്ടിനുള്ളില്‍ തടവിലിടുന്നതിലും വലിയ മനുഷ്യാവകാശ ലംഘനമില്ല. ഒരിക്കലും അഫ്ഗാനിലെ സ്ത്രീകള്‍ നിരാശപ്പെടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്.'- അമേരിക്കയില്‍ താമസിക്കുന്ന ഫാത്തിമ റഹ്മ്മതി പ്രതിഷേധക്കാരുടെ അണിയില്‍ ചേര്‍ന്നുകൊണ്ടു പറഞ്ഞു.

ഐക്യരാഷ്ട്രസഭ അഫ്ഗാനിലെ സ്ഥിതി തിരിച്ചറിയണം. ലക്ഷക്കണക്കിന് സ്ത്രീകളാണ് സര്‍വ്വ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് വീട്ടിനകത്തായത്.കുട്ടികളും ദുരിതത്തിലാണ്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സ്ത്രീകള്‍ക്കായി നിലകൊള്ളണമെന്ന് ഷക്കീല മുജാദാദി അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.