സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ഇടുക്കിയിലും തൃശൂരിലും റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ഇടുക്കിയിലും തൃശൂരിലും റെഡ് അലേര്‍ട്ട്

കൊച്ചി: ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവന്‍ ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേര്‍ട്ടാണ്.

ഇന്ന് സംസ്ഥാനത്ത് പൊതുവേ മഴയായിരുന്നു. വിവിധ ജില്ലകളില്‍ ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇടുക്കി ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മൂന്നാര്‍ കേപ്പ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വൈകിട്ട് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കടല്‍ പ്രക്ഷുബ്ദമാവാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കേരള - ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.