കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോന്‍സണ്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം കൂടുതല്‍ സമയം ക്രൈം ബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടേക്കും. എറണാകുളം സിജെഎം കോടതിയില്‍ മോന്‍സണ്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയാണ് കോടതി മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
അതേസമയം തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മോന്‍സണ്‍ കോടതിയെ അറിയിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കുകയായിരുന്നു.