ഇക്വഡോര്‍ ജയിലില്‍ കലാപം; മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ 116 മരണം

ഇക്വഡോര്‍ ജയിലില്‍ കലാപം; മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ 116 മരണം

ഗ്വായാക്വില്‍: തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ജയിലിലുണ്ടായ കലാപത്തില്‍ 116 പേര്‍ കൊല്ലപ്പെട്ടു. തീരദേശ നഗരമായ ഗ്വായാക്വില്ലിലെ ജയിലില്‍ ചൊവ്വാഴ്ച്ച തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇത്രയധികം തടവുകാര്‍ കൊല്ലപ്പെട്ടത്. 80 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയില്‍ കലാപമാണിത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിനൊടുവില്‍ നാനൂറോളം പോലീസുകാരും സൈന്യവും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. ജയില്‍ നിലവില്‍ ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ള തടവുകാരാണ് ഇവിടെയുള്ളത്. ഇരുസംഘമായി തിരിഞ്ഞാണ് ഇവര്‍ ആക്രമണം തുടങ്ങിയത്. ഇരുവിഭാഗവും തമ്മിലുള്ള വാക്കുതര്‍ക്കം വെടിവെപ്പിലും കത്തിക്കുത്തിലും സ്‌ഫോടനത്തിലും കലാശിക്കുകയായിരുന്നു.

തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഗ്രനേഡുകളും കൈക്കലാക്കിയ തടവുപുള്ളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇതിനിടെ ജയിലിലുള്ള തടവുപുള്ളികളുടെ കുടുംബാംഗങ്ങള്‍ ജയില്‍പരിസരത്ത് തടിച്ചുകൂടിയിരുന്നു.

ഇക്വഡോര്‍ ജയിലുകളില്‍ ഈ വര്‍ഷം മാത്രമുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ 116 പേരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തടവുപുള്ളികളില്‍ അഞ്ചുപേരുടെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ വെടിയേറ്റും ഗ്രനേഡ് ആക്രമണത്തിലുമാണ് മരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ജയില്‍മുറ്റത്ത് നിരവധി മൃതശരീരങ്ങള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നത് കാണാം.

ഫെബ്രുവരിയില്‍ ജയിലിലുണ്ടായ ആക്രമണത്തില്‍ 79 പേരാണ് മരിച്ചത്, ജൂലൈയില്‍ 22 പേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.