വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ വീഴ്ച തുറന്നുകാട്ടി യു.എസ് സൈനിക മേധാവികള്‍.ട്രംപിന്റെ കാലത്ത് ആരംഭിച്ച അഫ്ഗാനിലെ പിന്മാറ്റ നയം തിടുക്കത്തിലെടുത്തതായിരുന്നെന്ന് അവര്‍ ആവര്‍ത്തിച്ചു. താലിബാനുമായി ദോഹയില്‍ രൂപം കൊടുത്ത സമാധാനക്കരാര്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പ്രതിരോധ വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി.
സെനറ്റിലെ ആംഡ് സര്‍വ്വീസ് കമ്മറ്റിക്ക് മുമ്പാകെ 20 വര്‍ഷത്തെ അമേരിക്കന്‍ സൈനിക നടപടിയെപ്പറ്റി നടത്തിയ വിശദീകരണത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ വീഴ്ചയും അത് തുടരുന്ന ബൈഡന്റെ പ്രതിരോധ നയങ്ങളും വിമര്‍ശിക്കപ്പെട്ടത്. 2500 സൈനികരെയെങ്കിലും നിലനിര്‍ത്തണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം ബൈഡന്‍ ചെവിക്കൊള്ളാതിരുന്നതു തിരിച്ചടിയായെന്ന് സൈനിക മേധാവിമാരും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
കൊടും ഭീകര പ്രസ്ഥാനമായ അല്‍ഖ്വയ്ദ താലിബാന്‍ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന നിരീക്ഷണം അമേരിക്കന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ മാര്‍ക് മില്ലി പങ്കുവച്ചു. ഈ വളര്‍ച്ച വഴി 12-36 മാസങ്ങള്‍ക്കുള്ളില്‍ അല്‍ഖ്വയ്ദ അഥവാ ഇസ്ളാമിക് സ്റ്റേറ്റ് പ്രസ്ഥാനം അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാകുമെന്ന് മില്ലി പറഞ്ഞു.
താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.അഫ്ഗാനില്‍ നിന്ന് ധൃതിയിലുള്ള സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു.2500 സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താനും ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.താലിബാന്‍ സംഘം കാബൂള്‍ പിടിച്ചെടുത്തത് അമേരിക്ക കരുതിയതിലും വളരെ നേരത്തെയാണ്.
അഫ്ഗാനിസ്ഥാനില്‍ സൈനിക നേതൃത്വം നല്‍കിയിരുന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കെന്‍സിയും മാര്‍ക് മില്ലിയുടെ നിരീക്ഷണങ്ങള്‍ സെനറ്റില്‍ ശരിവച്ചു.ഒരു സംഘം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണമെന്ന ഉപദേശം ആരും നല്‍കിയതായി തനിക്ക് ഓര്‍മ്മയില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞതിനെ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിശദീകരണത്തിന് സേനാ മേധാവികള്‍ മുതിര്‍ന്നില്ല.

അഫ്ഗാന്‍ ഭരണകൂടത്തിന്റെ പരിമിതികളും കഴിവില്ലായ്മയും തിരിച്ചറിഞ്ഞല്ല താലിബാനുമായി സന്ധിചെയ്തത്. സമാധാനക്കരാര്‍ വഴി താലിബാന്റെ ശക്തികൂട്ടി അമേരിക്ക. അമേരിക്കന്‍ സൈന്യം പിന്മാറാനുള്ള തിയതി ആദ്യം പ്രഖ്യാപിക്കരുതായിരുന്നു. മറിച്ച് ആഗോളതലത്തില്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് അല്‍ഖ്വയ്ദാ ബന്ധം ഇല്ലാതാക്കലായിരുന്ന ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് ജനറല്‍ മക്കെന്‍സി പറഞ്ഞു.
ഭരണകൂടത്തിനെതിരെ താലിബാന്‍ നടത്തുന്നത് കേവലം ചെറുത്തുനില്‍പ്പായി അമേരിക്ക കണ്ടു.സമാധാന ചര്‍ച്ചകളൊന്നും താലിബാന്റെ ഭീകരബന്ധം പുറത്തുകൊണ്ടുവന്നില്ല. സൈനിക പിന്മാറ്റം മെയ് മാസം എന്ന് തീരുമാനിച്ചത് ബൈഡന്‍ ഭരണത്തിലേറിയ ഉടനെ ഓഗസ്റ്റ് 31 എന്നാക്കി മാറ്റിയതും താലിബാന് മുന്നേറാനുള്ള അവസരമായി. താലിബാനുമായി നടത്തിയ സമാധാന നീക്കങ്ങള്‍ വലിയ അബദ്ധമായെന്ന് സൈനിക മേധാവിമാര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
ജൂലൈ പകുതി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളും കാബൂള്‍ വിമാനത്താവളത്തിലെ മരണങ്ങളും സൈനിക മേധാവിമാര്‍ വിശദീകരിച്ചു. ചാവേര്‍ ആക്രമണത്തില്‍ 182 പേര്‍ കൊല്ലപ്പെട്ട സംഭവങ്ങളും ധരിപ്പിച്ചു. 2500 സൈനികരെയെങ്കിലും നിലനിര്‍ത്തണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം ഭരണകൂടം ചെവികൊണ്ടില്ലെന്നതില്‍ ജനറല്‍ മക്കെന്‍സി നിരാശ പ്രകടമാക്കി. അമേരിക്കന്‍ പൗരന്മാരെ രക്ഷപെടുത്തികൊണ്ടുവരിക എന്നത് അല്‍ഖ്വയ്ദ താലിബാനോടൊപ്പം ചേര്‍ന്നതോടെ ഏറെ അപകടരമായി മാറി - ജനറല്‍ മാര്‍ക് മില്ലി ചൂണ്ടിക്കാട്ടി.