തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. അടുത്ത ഞായറാഴ്ച ചേരുന്ന യോഗത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ പൊലീസ് മേധാവി വരെ പങ്കെടുക്കും. എന്നാല്‍ വാര്‍ഷിക യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന വിഭാഗമാണ് പൊലീസ് സേന. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതുകൊണ്ടു തന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യ നിര്‍വഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. സര്‍ക്കാരിനെ പൊതുജനം അളക്കുമ്പോള്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും നവകേരളം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.