തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത പണം; നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത പണം;  നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ

പാരിസ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃതമായി പണം വിനിയോഗിച്ച സംഭവത്തില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2012 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അദ്ദേഹം അനധികൃതമായി പണം വിനിയോഗിച്ചതായി കണ്ടെത്തിയത്.

പാരിസ് കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. അതേസമയം ജയില്‍ ശിക്ഷ വിധിച്ച കോടതി വിധി്ക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കോസിയുടെ തീരുമാനം. കോടതിയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.

2007 മുതല്‍ 2012 വരെയാണ് സര്‍ക്കോസി പ്രസിഡന്റായി അധികാരത്തിലിരുന്നത്. ഭരണവുമായി ബന്ധപ്പെട്ട് അധികാരത്തിലിരിക്കേ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ മങ്ങിയ പ്രതിച്ഛായയും സ്വാധീനവും വീണ്ടെടുക്കുന്നതിന് വേണ്ടി 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃത പണം ചിലവഴിച്ചെന്നാണ് കണ്ടെത്തല്‍.ചട്ടപ്രകാരം 22.5 മില്യണ്‍ യൂറോ മാത്രമാണ് പ്രചാരണത്തിനായി വിനിയോഗിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഇതില്‍ ഇരട്ടിയിലധികം സര്‍ക്കോസി വിനിയോഗിച്ചു എന്ന് തെളിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.