ഡമാസ്‌കസ്: സിറിയയില്‍ നടന്ന ഡ്രോണാക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇഡ്ലിബില്‍ നടന്ന ആക്രമണത്തിലാണ് സലീം അബു അഹമ്മദ് എന്ന ഭീകരനെ വധിച്ചത്.
ഡ്രോണാക്രമണത്തില്‍ വേറെ ആളപായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അല്‍ഖ്വയ്ദ ഭീകരസംഘടനയുടെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് അതിനായുള്ള ധനസഹായം നല്‍കിയിരുന്ന ആളെയാണ് വധിച്ചതെന്ന് യു.എസ് സേനയിലെ മേജര്‍ ജോണ്‍ റിഗ്‌സ്ബി പറഞ്ഞു.
കിഴക്കന്‍ സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ളവരെ വധിക്കുന്നതിനായി യു.എസ് ഇഡ്ലിബ് കേന്ദ്രീകരിച്ച് പല തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകരരുടെ സ്വാധീനമുള്ള മേഖലയാണിത്.