ദുബായ്: ഐപിഎല്ലിലെ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് നിരയിൽനിന്ന് സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെന്‍ഡുൽക്കർ പുറത്ത്. പകരക്കാരനായി ഡൽഹി താരം സിമർജീത് സിങ്ങിനെ മുംബൈ ഇന്ത്യൻസ് നിരയിൽ ഉൾപ്പെടുത്തി. പരിശീലനത്തിനിടെ സംഭവിച്ച പരുക്കാണ് ഓൾറൗണ്ടറായ അർജുൻ തെൻഡുൽക്കറിന് ചാൻസ് നഷ്ടപ്പെടാൻ കാരണമായത്.
ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച് ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കിയ സിമർജീത് സിങ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായി മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ അർജുൻ തെൻഡുൽക്കർ ടീം വിടാൻ കാരണമായ പരുക്കിന്റെ വിശദാംശങ്ങൾ വാർത്താ കുറിപ്പിൽ വിശദീകരിച്ചിട്ടില്ല.
മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറിനെ സ്വന്തമാക്കിയത് ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ്. ടീമിന്റെ ഭാഗമായെങ്കിലും ഇതുവരെ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ അർജുന് അവസരം ലഭിച്ചിരുന്നില്ല.