സോള്‍: ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഉത്തര കൊറിയ. ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ദക്ഷിണ കൊറിയയുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
അതിശക്തമായ ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയായിരുന്നു വ്യാഴാഴ്ചയും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.യുദ്ധ സാഹചര്യത്തില്‍ ശ്രദ്ധേയമായ പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുന്നതാണ് ആധുനിക സാങ്കേതികവിദ്യകളടങ്ങിയിട്ടുള്ള ആന്റി എയര്‍ക്രാഫ്റ്റ് മിസൈലെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ഇത്തവണത്തേത് പുറത്ത് വിട്ടിരുന്നില്ല.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷത്തില്‍ പങ്കെടുത്തിരുന്നില്ല എന്നും പകരം ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പാക് ജോങ് ഷാഒന്‍ ആണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.