എയര്‍ ഇന്ത്യ ലേലം:അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

എയര്‍ ഇന്ത്യ ലേലം:അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുളള ലേലത്തില്‍ ടാറ്റാ ഗ്രൂപ്പ് വിജയിച്ചുവെന്ന മാദ്ധ്യമ വാര്‍ത്തകള്‍ സ്ഥിരീകരിക്കാറായിട്ടില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞ് സര്‍ക്കാര്‍ നേരിട്ട് മാദ്ധ്യമങ്ങളെ അറിയിക്കുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്മെന്റ് വിഭാഗം സെക്രട്ടറി ട്വിറ്ററില്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുളള ശ്രമത്തില്‍ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാര്‍ത്ത ബ്ലൂംബര്‍ഗ് മാധ്യമമാണ് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് മറ്റ് മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.ടാറ്റാ ഗ്രൂപ്പിനെക്കൂടാതെ സ്പൈസ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗ് ഉള്‍പ്പെടെയുളളവര്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. രാവിലെ പുറത്തുവന്ന വാര്‍ത്തകള്‍ ടാറ്റാ ഗ്രൂപ്പും സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ച്ചയായ നഷ്ടവും ബാദ്ധ്യതയുമാണ് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചത്.

2020 ജനുവരിയില്‍ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ ആരംഭിച്ചുവെങ്കിലും കൊറോണ വ്യാപനം മൂലം വൈകി. 2021 ഏപ്രിലിലാണ് താല്‍പര്യമുളളവരോട് ബിഡ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.1932 ല്‍ ടാറ്റാ എയര്‍ലൈന്‍സ് ആയിരുന്നു എയര്‍ ഇന്ത്യയുടെ പൂര്‍വ്വരൂപം. പിന്നീട് 1947 ല്‍ സ്വാതന്ത്ര്യത്തിന് ശേഷം കമ്പനി ദേശസാല്‍ക്കരിക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.