ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് ബിഡ്ഡുകള്‍ പരിശോധിച്ചത്.
എയര്‍ ഇന്ത്യ 67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടാറ്റയുടെ കൈകളിലെത്തുന്നത്. ടാറ്റാ ഗ്രൂപ്പും സ്പെയ്സ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗുമായിരുന്നു എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2007 മുതല്‍ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ. നിലവില്‍ 60,000 കോടിയുടെ കടബാധ്യതയുണ്ട്. പ്രതിദിനം 20 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് എയര്‍ ഇന്ത്യ കാരണമുണ്ടാകുന്ന നഷ്ടമെന്ന് വ്യോമയാന മുന്‍ മന്ത്രി ഹര്‍ദിപ് സിങ് പുരി പറഞ്ഞിരുന്നു. ജെ.ആര്‍.ഡി ടാറ്റ 1932 ല്‍ സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് രാജ്യം സ്വതന്ത്രമായതോടെ ദേശസാല്‍ക്കരിച്ച് എയര്‍ ഇന്ത്യയാക്കിയത്.