തിരുവനന്തപുരം : മോന്‍സൺ മാവുങ്കലിന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മോന്‍സണുമായി പൊലീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കേരള പൊലീസിലെ ഉന്നതരായ ആളുകള്‍ക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സത്യംപുറത്തു വരാന്‍ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോന്‍സണെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു, ഇന്റലിജന്‍സ് വിഭാഗം എന്തിനെന്നും സുധീരന്‍ ചോദിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ല. ശരിയായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.