ലണ്ടന്‍: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ച അദ്ധ്യാപകന്റെ പേര് പരസ്യപ്പെടുത്തി യു.കെയിലെ ഇസ്ലാമിക സംഘടന. ജീവന്‍ അപകടത്തിലെന്നു തിരിച്ചറിഞ്ഞ അദ്ധ്യാപകന്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്.അതേ സമയം അദ്ധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 60,000 ത്തിലധികം ആളുകള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.
പടിഞ്ഞാറന്‍ യോര്‍ക്ക്‌ഷെയറിലെ ബാറ്റ്ലി ഗ്രാമര്‍ സ്‌കൂള്‍ അദ്ധ്യാപകന്റെ പേരാണ് ഇസ്ലാമിക സംഘടനയായ 'പര്‍പ്പസ് ഓഫ് ലൈഫ്' പൊതു സമൂഹത്തില്‍ പങ്കുവെച്ചത്.ക്ലാസ് നടക്കുന്നതിനിടെ അദ്ധ്യാപകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ കാണിച്ചതാണ് വിവാദമായത്. തുടര്‍ന്ന് 'പീസ് ഇന്‍സ്റ്റിറ്റ്യൂട്ട്' ഡയറക്ടര്‍ ഇമാം മുഹമ്മദ് അമിന്‍ പണ്ടോറും മറ്റ് തീവ്ര ഇസ്ലാമിസ്റ്റുകളും സ്‌കൂളിന് പുറത്ത് തടിച്ചുകൂടി. 'നബിയുടെ ചിത്രങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും അസ്വീകാര്യമാണ്' എന്ന് മുദ്രാവാക്യങ്ങളും മുഴക്കി. തുടര്‍ന്ന് അധികൃതര്‍ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അക്രമം ഭയന്ന് അതിനിടെ അദ്ധ്യാപകന്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോവുകയും ചെയ്തു
ഇസ്ലാമിക് സംഘടനയ്‌ക്കെതിരെ ഫ്രീ സ്പീച്ച് യൂണിയന്‍ ജനറല്‍ സെക്രട്ടറി ടോബി യംഗ് പരാതി നല്‍കി. അദ്ധ്യാപകന്റെ പേര് പ്രസിദ്ധപ്പെടുത്തിയതിലൂടെ ആ വ്യക്തി്ക്ക് ഉണ്ടാകാവുന്ന അപകടസാധ്യത പരിഗണിച്ചില്ലെന്ന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്‍ പറഞ്ഞു. സമൂഹത്തില്‍ നിലവിലുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പേര് പ്രസിദ്ധപ്പെടുത്തിയതെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
പിഴവുകള്‍ പരിഹരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംഘടനയ്ക്ക് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.ഇതിനിടെ, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തങ്ങളുടെ അദ്ധ്യാപകന്‍ വംശീയവാദിയല്ലെന്ന് ബാറ്റ്ലി ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.