വിയന്ന: ചൈനയുടെ ദേശീയ ദിനത്തില്‍ പ്രതിഷേധവുമായി ടിബറ്റന്‍ ജനത. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ സ്ഥിതിചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റിന് മുമ്പിലാണ് 150ഓളം പേരടങ്ങുന്ന ടിബറ്റുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് ടിബറ്റ് സമൂഹം വിയന്നയില്‍ സൈക്കിള്‍ റാലി നടത്തിയിരുന്നു.
ദലൈലാമ ദീര്‍ഘായുസ്സോടെ വാഴട്ടെയെന്നും ടിബറ്റ് സ്വാതന്ത്ര്യമര്‍ഹിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.'ഞങ്ങള്‍ക്കെന്താണ് വേണ്ടത്..? ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം..' ഇപ്രകാരമെഴുതിയ പ്‌ളക്കാര്‍ഡുകളുമായി കോണ്‍സുലേറ്റിന് മുമ്പിലെത്തിയ സമരക്കാര്‍ പറഞ്ഞു. കൊറോണ വൈറസ് ചൈനയുടേതാണെന്നും പ്രതിഷേധക്കാര്‍ ആക്രോശിച്ചു. ടിബറ്റന്‍ ഭൂമി ടിബറ്റന്‍ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. ടിബറ്റുകാരെ വംശഹത്യ ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് മുപ്പതോളം സൈക്കിള്‍ യാത്രക്കാരാണ് റാലിയില്‍ പങ്കെടുത്തത്. ചൈനീസ് എംബസിക്ക് മുന്നില്‍ റാലിയുമായി എത്തിയവരെ സ്വീകരിക്കാനും ഐക്യദാര്‍ഢ്്യം പ്രഖ്യാപിക്കാനും ഓസ്ട്രിയയിലുള്ള ഇരുപതോളം പ്രവാസികള്‍ എത്തിയിരുന്നു.